'ഈ നാടിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചവരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും'- ശശി തരൂരിനെതിരേ കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്‌റു കുടുംബത്തെയടക്കം പേരെടുത്ത് വിമര്‍ശിച്ച ശശി തരൂരിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അത്തരം പരാമര്‍ശം നടത്തുന്നവരോട് സഹതാപം മാത്രമെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന്‍ സമര്‍പ്പിച്ചവരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയിലെ ജനകോടികളുടെ അംഗീകാരം നേടി വന്നവരാണ്. അത് കുടുംബാധിപത്യം എന്ന് പറയുന്നത് നീതീകരിക്കാന്‍ കഴിയുന്നതല്ല. എന്തുകൊണ്ട് ഇത്തരം പരാമര്‍ശം നടത്തിയെന്ന് തരൂര്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്. കുടുംബവാഴ്ചയ്ക്കു പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടില്‍ മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമര്‍ശനം.
