ജയിലിനുള്ളിലെ പ്രണയം വിവാഹത്തിലേക്ക്; പരോള്‍ നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി

Update: 2026-01-23 10:06 GMT

ജയ്പൂര്‍: ജയിലിനുള്ളില്‍ പരിചയപ്പെട്ട് പ്രണയത്തിലായ രണ്ടു കൊലക്കേസ് പ്രതികള്‍ വിവാഹിതരാകുന്നു. രാജസ്ഥാനിലെ അല്‍വാറിലാണ് ഈ അപൂര്‍വ സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രിയ സേത്തും, അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹനുമാന്‍ പ്രസാദുമാണ് വിവാഹിതരാകുന്നത്. ഇവരുടെ വിവാഹത്തിനായി രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. അല്‍വാറിലെ ബറോഡമേവില്‍ ഇന്ന് വിവാഹച്ചടങ്ങുകള്‍ നടക്കും. ആറുമാസം മുന്‍പാണ് പ്രിയ ഹനുമാന്‍ പ്രസാദിനെ സാംഗനീറിലെ തുറന്ന ജയിലില്‍ വച്ച് പരിചയപ്പെട്ടതും പിന്നീട് ഇരുവരും പ്രണയത്തിലായതും.

മുന്‍ മോഡലായിരുന്ന പ്രിയ സേത്ത്, ദുഷ്യന്ത് ശര്‍മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2019ല്‍ നടന്ന സംഭവത്തില്‍, ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്തിനെ പ്രിയയും കാമുകനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കുടുംബത്തോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുടുംബം മൂന്നു ലക്ഷം രൂപ നല്‍കിയെങ്കിലും, പിടിക്കപ്പെടുമെന്ന ഭയത്തില്‍ ദുഷ്യന്തിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് നിരവധി കുത്തുകള്‍ ഏല്‍പ്പിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ഹനുമാന്‍ പ്രസാദ് 2017 ഒക്ടോബറില്‍ നടന്ന കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ്. തന്നേക്കാള്‍ പത്തു വയസ് മുതിര്‍ന്ന കാമുകിയുടെ ഭര്‍ത്താവിനെയും മൂന്നു കുട്ടികളെയും ഒരു അനന്തരവനെയും കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകി സന്തോഷിന്റെ നിര്‍ദേശപ്രകാരം അവളുടെ ഭര്‍ത്താവായ ബന്‍വാരി ലാലിനെ കുത്തിക്കൊലപ്പെടുത്തിയ ഹനുമാന്‍, സംഭവത്തിന് സാക്ഷികളായ കുട്ടികളെയും ബന്ധുവിനെയും പിന്നീട് കൊലപ്പെടുത്തിയതായാണ് കേസ്.

Tags: