ജനുവരി എട്ടുമുതല്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; കാലാവസ്ഥ വകുപ്പ്

Update: 2026-01-08 11:07 GMT

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായും ഇത് വരും ദിവസങ്ങളില്‍ കാലാവസ്ഥയെ സ്വാധീനിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Tags: