ക്രിസ്മസ്-പുതുവല്‍സര യാത്ര തിരക്ക്; റെയില്‍വേ 12 പ്രതിവാര ട്രെയിനുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ക്രിസ്മസ്, പുതുവല്‍സരം, ശബരിമല തിരക്കുകള്‍ കണക്കിലെടുത്ത് റെയില്‍വേ 12 പ്രതിവാര പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. നാഗര്‍കോവില്‍-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, കൊല്ലം-ചര്‍ലപ്പള്ളി ഉള്‍പ്പെടുന്ന ട്രെയിനുകളാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിനുകള്‍ ഡിസംബര്‍ 7 മുതല്‍ ജനുവരി രണ്ടാം ആഴ്ചവരെ വിവിധ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ (06083) ഡിസംബര്‍ 23 മുതല്‍ ജനുവരി 6 വരെയുള്ള ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തും. രാവിലെ 11.40നു നാഗര്‍കോവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.50നു മഡ്ഗാവിലെത്തും. മഡ്ഗാവ്-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ (06084) ഡിസംബര്‍ 24 മുതല്‍ ബുധനാഴ്ചകളില്‍ സര്‍വീസ് ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ (06041) ഡിസംബര്‍ 7 മുതല്‍ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളില്‍ ഓടും. വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. തിരിച്ചുള്ള സര്‍വീസ് ഡിസംബര്‍ 8 മുതല്‍ തിങ്കളാഴ്ചകളില്‍ ലഭ്യമാകും. സിര്‍പ്പുര്‍ കാഗസ്‌നഗര്‍-കൊല്ലം (07117), കൊല്ലം-ചര്‍ലപ്പള്ളി (07118), ചര്‍ലപ്പള്ളി-കൊല്ലം (07119) എന്നിവയുള്‍പ്പെടെ നിരവധി പ്രത്യേക ട്രെയിനുകള്‍ ഡിസംബര്‍ 13 മുതല്‍ 31 വരെയുള്ള തിയ്യതികളില്‍ റെയില്‍വേ നടത്തും. ഹസുര്‍ സാഹിബ് നന്ദേദ്-കൊല്ലം (07123) ഡിസംബര്‍ 24നു സര്‍വീസ് നടത്തും.
ആഘോഷസീസണില്‍ ദക്ഷിണ മേഖലയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചതെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍ ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തതോടെ സീറ്റുകളുടെ ക്ഷാമവും ടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ സാധ്യതയുമുണ്ടെന്നാണ് യാത്രക്കാരുടെ പ്രതികരണം.