ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ

Update: 2026-02-15 07:14 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിനുകളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 80 ട്രെയിനുകളിലാണ് പദ്ധതി നടപ്പിലാക്കുക. ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ബോഗികളിലെയും ശുചിമുറികളും വാഷ്‌ബേസിനുകളും ഓരോ ഒന്ന് മുതല്‍ രണ്ടു മണിക്കൂറിനുള്ളില്‍ വൃത്തിയാക്കാനാണ് പദ്ധതി. വൃത്തിയാക്കല്‍ സമയത്ത് ട്രെയിനിനുള്ളിലെ ചെറിയ അറ്റകുറ്റപ്പണികളും ജലവിതരണവും ഉറപ്പാക്കും. വൃത്തിയാക്കിയ കോച്ചുകളുടെ ചിത്രങ്ങള്‍ എഐ സംവിധാനത്തിന്റെ സഹായത്തോടെ വിലയിരുത്തി റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുന്നതായിരിക്കും. ആദ്യ ആറുമാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം. തുടര്‍ന്ന് അടുത്ത ഘട്ടമായി മറ്റൊരു 80 ട്രെയിനുകളിലും പരിഷ്‌കാരം വ്യാപിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും 'ക്ലീന്‍ ട്രെയിന്‍' പരിഷ്‌കാരം വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 12ാം ക്ലാസും ഐടിഐയും പാസായ ഉദ്യോഗാര്‍ഥികളായ സൂപ്പര്‍വൈസര്‍മാരായി നിയമിച്ച് തല്‍സമയ നിരീക്ഷണവും യാത്രക്കാരുടെ അഭിപ്രായ ശേഖരണവും നടത്തും. നിലവില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന ലിനന്‍, ഓണ്‍ബോര്‍ഡ് ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ റെയില്‍വേയുടെ ഏകോപനത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിന് അധിക ചെലവ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ചെലവിന്റെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ ശുചിത്വ സേവനങ്ങള്‍ക്കായി യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Tags: