കണ്ണൂര്‍: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ടിക്കറ്റ് വിതരണം പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളില്‍ ഇനി മുതല്‍ കുറഞ്ഞത് ഒരെണ്ണം ഡിജിറ്റല്‍ ഇടപടുകള്‍ക്കായി മാത്രം മാറ്റിവയ്ക്കും. ഈ കൗണ്ടറുകളില്‍ പണമായി നിരക്ക് സ്വീകരിക്കില്ലെന്നതാണ് പ്രധാന പ്രത്യേകത.
ക്യുആര്‍ കോഡ് സ്‌കാന്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ടിക്കറ്റ് വിതരണം നടത്തുക. 'ഡിജിറ്റലാകൂ, സ്മാര്‍ട്ടാകൂ', 'കാഷ് വേണ്ട, ബുദ്ധിമുട്ടില്ല' തുടങ്ങിയ സന്ദേശങ്ങളോടെ സ്‌റ്റേഷനുകളില്‍ ബോധവല്‍ക്കരണ കാംപയ്‌നുകളും വ്യാപകമായി നടത്തപ്പെടുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആളുകള്‍ കൂടുതലായി മാറിയെങ്കിലും പണമായി ടിക്കറ്റ് എടുക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും പോസ്റ്ററുകളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.
ഭാവിയില്‍ ടിക്കറ്റ് വിതരണം പൂര്‍ണമായും ഡിജിറ്റലാകുന്നതിനാല്‍ നിലവിലുള്ള കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇതോടെ ഒഴിവാകുന്ന ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് പുനര്‍നിയമനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനൊപ്പം, ചെറിയ സ്‌റ്റേഷനുകളില്‍ റിസര്‍വേഷനും ജനറല്‍ ടിക്കറ്റും ഒരുമിച്ച് നല്‍കുന്ന ഐയുടിഎസ് സംവിധാനം തുടരുകയാണ്. യാത്രക്കാരെ സഹായിക്കാന്‍ മൊബൈല്‍ യുടിഎസ് സഹായികളെയും സ്‌റ്റേഷനുകളില്‍ നിയമിച്ചു തുടങ്ങി. സ്‌റ്റേഷനുകള്‍ക്ക് പുറമെ സ്വകാര്യ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് വിതരണം തുടരുമെന്നും റെയില്‍വേ വ്യക്തമാക്കി.
