'രാഹുല്‍ മാങ്കൂട്ടത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു'; സ്പീക്കര്‍ക്ക് പരാതി നല്‍കി സിപിഎം എംഎല്‍എ

Update: 2026-01-14 16:31 GMT

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ അംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാമനപുരം എംഎല്‍എ ഡി കെ മുരളിയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്. പരാതി പരോശോധിക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന് കൈമാറി സ്പീക്കര്‍. നിരവധി സ്ത്രീ പീഡനകേസുള്ള പ്രതിയെ സഭയില്‍ നിന്നും പുറത്താക്കണമെന്ന് പരാതില്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെങ്കില്‍ ഒരു നിയമസഭാംഗമെങ്കിലും പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കില്‍ നിയമസഭാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് നിയമസഭാ അംഗം തന്നെ രാഹുലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.

അധാര്‍മിക പെരുമാറ്റരീതി, നിയമസഭാംഗത്വമെന്ന പദവി ഉപയോഗിച്ചുള്ള അഴിമതി, ധനസമ്പാദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അംഗത്തെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേസുകളുടെ പേരില്‍ കേരള നിയമസഭ ആരേയും അയോഗ്യനാക്കിയ ചരിത്രമില്ല. നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 20ന് ആരംഭിക്കും. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു പുറത്താണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പരസ്യമായി വ്യക്തമാക്കിയതോടെ, പാര്‍ട്ടിയുടെ പരിരക്ഷയും വിഷയം സഭയിലെത്തുമ്പോള്‍ ഉണ്ടാവാനിടയില്ല.