'എല്ലാ സ്ഥാനങ്ങളും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണം'; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുമാണ് ദുല്‍ഖിഫില്‍ പറഞ്ഞത്. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് പരാമര്‍ശം. വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകര്‍ഷണവും ഒക്കെ ഒരു കൊടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നുള്ള ഉത്തമ ബോധ്യം ഏതു ഉന്നതസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കും അനിവാര്യമാണെന്നും വി പി ദുല്‍ഖിഫില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു പൊതുപ്രവര്‍ത്തകന്‍ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പാര്‍ട്ടിയില്‍ യൂണിറ്റ് പ്രസിഡന്റ് മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ അവരെ പൊതുസമൂഹം നോക്കി കാണുന്നത് വലിയ പ്രതീക്ഷയോടെയായിരിക്കും.സര്‍വ മേഖലകളിലും പൊതുപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് വളരെ ഉയരത്തിലാണ്. അത് ആ വ്യക്തിയെ കണ്ടോ വ്യക്തിയുടെ കഴിവിനെ കണ്ടോ അല്ല മറിച്ച് അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്വാധീനവും ആദര്‍ശവും മനസ്സിലാക്കി കൊണ്ടാണ്.
പാര്‍ട്ടിയുടെ തണല്‍ ഇല്ലാതെ ഒരാള്‍ക്കും യാതൊരു തരത്തിലുള്ള പേരും മഹിമയും ഇല്ല എന്ന് മനസ്സിലാക്കി തരുന്നതാണ് പലവിധത്തിലുള്ള സംഭവങ്ങളും. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും തുറന്നുപറയുന്നതും നടപടി സ്വീകരിക്കുന്നതൊക്കെ സ്വാഭാവികം.പക്ഷേ വ്യക്തിപരമായ ശുദ്ധീകരണവും വ്യക്തിജീവിതത്തില്‍ അതിര്‍വരമ്പുകളും നിര്‍ബന്ധമാണ്.
വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികള്‍ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും അതാത് വ്യക്തികള്‍ തന്നെയാണ്.വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകര്‍ഷണവും ഒക്കെ ഒരു കൊടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നുള്ള ഉത്തമ ബോധ്യം ഏതു ഉന്നതസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കും അനിവാര്യമാണ്.അത് കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ബാധകമാണ് എന്നുള്ളത് തിരിച്ചറിയുന്നത് നന്നായിരിക്കും.
പ്രത്യേകിച്ച് രാഷ്ട്രീയത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍.ഇവിടെ എംഎല്‍എ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ് യുഡിഎഫ് അണികളിലുള്ള മാര്‍ക്‌സിസ്റ്റ് വിരോധവും പിണറായി ഗവണ്‍മെന്റിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള അതി വൈകാരികതയേയും തന്റെ തെറ്റിനെ മറച്ചു വെക്കാനുള്ള ഉപാധിയായി കണ്ടു.
ഇതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്.പൊതു പ്രവര്‍ത്തകര്‍ പാലിക്കേണ്ട പാലിക്കേണ്ട മിനിമം ജാഗ്രതയും കരുതലും ഏത് ഉന്നതനും നിര്‍ബന്ധമാണ് . അതിനു സാധിക്കുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് എന്നെന്നേക്കുമായി പൊതുപ്രവര്‍ത്തനരംഗത്ത് നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതം.വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ കൊടിയുടെ തണലോ പിന്തുണയും ഇല്ലെങ്കില്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രിവിലേജുകളും എന്നെന്നേക്കുമായി നഷ്ടപ്പെടും എന്നത് എല്ലാവരും തിരിച്ചറിഞ്ഞേ മതിയാവു.
ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല തീരുമാനമെടുത്ത് മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടി തീരുമാനത്തെ പുല്ല് വില നല്‍കാതെ പുച്ഛിച്ച് മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമോ, സൈബര്‍ ഇടങ്ങളിലെ പിന്തുണയോ എന്നതിനപ്പുറം ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്വീകരിച്ച നടപടി വലിയ ഒരു മാതൃകയായാണ് കണ്ടത്. എന്നാല്‍ ഈ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അവഹേളിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോയത്.
പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച വ്യക്തിക്ക് അയാളുടെ നിരപരാധിത്വം തെളിയിക്കാനും നിയമ പോരാട്ടം നടത്താനും അര്‍ഹതയുണ്ട്. നിരപരാധിത്വം തെളിഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയത്തില്‍ ഏറ്റുമെന്നതിലും തര്‍ക്കമില്ല. നിരപരാധിത്വം തെളിയുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി നടപടിയെ വെല്ലുവിളിക്കുന്നത് ഏതു ഉന്നതനായാലും അത് അത്ര ഭൂഷണമല്ല, അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ചെറുതല്ല എന്ന് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ആളുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
പിന്നെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ക്ലാസെടുക്കാന്‍ വരുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് അതിനുള്ള അര്‍ഹതയില്ല. നിങ്ങള്‍ക്ക് പാര്‍ട്ടി കോടതികളിലും പാര്‍ട്ടി വേദികളിലുമാണ് ഇത്തരം പരാതികള്‍ ചര്‍ച്ച ചെയ്യാറുള്ളത്. ഇത്തരം വിഷയങ്ങളില്‍ ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ള സംഘടനയാണ് കോണ്‍ഗ്രസ്.

