''ഭരണഘടനയോട് സത്യംചെയ്തിട്ടുണ്ട്; ചോദ്യമുയര്‍ന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പൂട്ടി''-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം തള്ളി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ നേരത്തേതന്നെ പാര്‍ലമെന്റില്‍ ഭരണഘടന വെച്ച് സത്യംചെയ്തതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തട്ടിപ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടച്ചുപൂട്ടിയതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്തെ ജനങ്ങള്‍ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങള്‍ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍ അവരുടെ മുഴുവന്‍ ഘടനയും താറുമാറാകുമെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ ക്രമക്കേട് നടന്നതായി രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി വിശദീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് ബിജെപി ഗൂഢാലോചന നടത്തിയെന്ന് തെളിവുകള്‍ നിരത്ത രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ നീതിന്യായവ്യവസ്ഥ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന്റെ ആരോപണങ്ങള്‍ തള്ളിയിരുന്നു. തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയക്കുകയും ചെയ്തു. തുടര്‍ന്നാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
