തിരുവനന്തപുരം: ക്ഷണിക്കാതെ ആശാ സമരവേദിയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേദിയില്‍ നിന്നും ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലുണ്ടെങ്കില്‍ വേദിയില്‍ പങ്കെടുക്കില്ലെന്ന് സതീശന്‍ സമരസമിതിയെ അറിയിച്ചു. തുടര്‍ന്ന് സമിതി രാഹുലിനെ വേദിയില്‍നിന്ന് ഇറക്കിയതോടെ, സതീശന്‍ പ്രസംഗത്തിനായി വേദിയിലെത്തി.
സതീശന്റെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ, രാഹുല്‍ വീണ്ടും വേദിയിലെത്തി, 'തന്നെ ആരും ഇറക്കിയിട്ടില്ല, തെറ്റായ പ്രചാരണങ്ങള്‍ മാത്രമാണ് നടക്കുന്നത്' എന്നാണ് പ്രതികരിച്ചത്. സതീശന്‍ കെപിസിസി യോഗത്തില്‍ പങ്കെടുക്കാനാണെന്ന വിശദീകരണം നല്‍കിയിരുന്നുവെങ്കിലും, രാഹുല്‍ വേദി വിട്ടതിനു പിന്നാലെ തന്നെ അദ്ദേഹം സമരവേദിയില്‍ എത്തി പ്രസംഗിച്ചതോടെ, കാര്യത്തിന്റെ യാഥാര്‍ഥ്യം വ്യക്തമായി.
കെപിസിസി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും, രാഹുലുമായി ആശയവിനിമയം നടത്തുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല.
ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലെയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ തിരിച്ചുവരവ്, പാര്‍ട്ടിക്ക് ഗൗരവമായ തിരിച്ചടിയായിരിക്കുകയാണ്.