അടുത്ത നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കും

അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

Update: 2025-12-04 11:44 GMT

കൊച്ചി: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത നീക്കം. ഹൈക്കോടതിയില്‍ ഉടന്‍ ഹരജി നല്‍കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ആലോചന. ഹരജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കമില്ലെന്നാണ് വിവരം. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ നടത്തിയിരുന്നത്. എന്നാല്‍, സുപ്രിംകോടതിയുടെ പ്രത്യേക പരാമര്‍ശം കാരണം അതിനു സാധിച്ചിരുന്നില്ല. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹരജികള്‍ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്നായിരുന്നു നേരത്തെ സുപ്രിംകോടതി പരാമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണക്കണമെന്ന് ഹൈക്കോടതി നിലപാടെടുത്തത്. രാഹുലുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്തുകൊണ്ട് തന്നെയായിരുന്നു ഈ നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.