രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതന്‍

അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്

Update: 2026-01-28 14:11 GMT

ആലപ്പുഴ: മൂന്നാമത്തെ ബലാല്‍സംഗ കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി. കര്‍ശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പോലിസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പോലിസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

50,000 രൂപയും രണ്ട് ആളുകളും ജാമ്യം നില്‍ക്കണം. മൂന്നുമാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും പത്തുമണിക്കും 12 മണിക്കുമിടയില്‍ ഹാജരാകണം. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിന് മുമ്പാകെ എത്തണം. പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ അഞ്ച് ഉപാദികള്‍ വച്ചാണ് പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി മൂന്നാം ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്.

രാഹുലിനെ എസ്‌ഐടിക്ക് കൂടുതല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നുവെന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റല്‍ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാല്‍സംഗ കുറ്റം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

പീഡനം നടന്ന സമയത്തിന് ശേഷവും എംഎല്‍എയുമായി പരാതിക്കാരി സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജാമ്യം നല്‍കിയുള്ള ഉത്തരവില്‍ കോടതി പറഞ്ഞു. ബലാല്‍സംഗ കുറ്റം നിലനില്‍ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി പറഞ്ഞു. അഭിഭാഷകരായ ശാസ്തമംഗലം അജിത്തിന്റേയും അഭിലാഷ് ചന്ദ്രന്റേയും നേതൃത്വത്തിലായിരുന്നു സെഷന്‍സ് കോടതിയില്‍ രാഹുലിന്റെ വാദം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരികൃഷ്ണനാണ് ഹാജരായത്.

Tags: