രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, രാഹുല്‍ സജീവമാകണം: കെ സുധാകരന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ എംപി. ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്. കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അവിശ്വസിക്കുന്നില്ല. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തു വരണമെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി. രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും പുതിയ ശബ്ദരേഖ താന്‍ കേട്ടിട്ടില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
'വെറുതെ ആദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിനു പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ടു ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്കു തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആരു പറഞ്ഞാലും നമുക്കത് പ്രശ്നമല്ല. രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന്‍ ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്‍ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും' സുധാകരന്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്തിയതാണ്. ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ നടപടിയെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭധാരണത്തിന് യുവതിയെ നിര്‍ബന്ധിക്കുന്ന വാട്സാപ്പ് സന്ദേശവും ഗര്‍ഭധാരണത്തിനു ശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ കോളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സാപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നുണ്ട്. ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടിവന്നതിനു പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.
