പഹല്‍ഗാം ആക്രമണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശിക്കും

Update: 2025-04-25 05:54 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗര്‍ സന്ദര്‍ശിക്കും. തന്റെ ഔദ്യോഗിക യുഎസ് യാത്ര റദ്ദാക്കി ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയതിന് ശേഷമാണ് ഈ സന്ദര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച വൈകുന്നേരം ന്യൂഡല്‍ഹിയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇന്നലെ സര്‍വ്വകക്ഷിയോഗവും നടന്നു. പാകിസ്താനെതിരേ കടുത്ത നടപടികളിലേക്കു കടക്കാനാണ് യോഗത്തിലെ തീരുമാനം.

1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുകയും ചെയ്തു.

അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു. സാര്‍ക്ക് വിസ എക്സംപ്ഷന്‍ സ്‌കീം (എസ് വി ഇഎസ്) പ്രകാരം പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകില്ലെന്നും പാകിസ്താന്‍ പൗരന്മാര്‍ക്ക് മുമ്പ് നല്‍കിയ അത്തരം വിസകള്‍ റദ്ദാക്കിയതായി കണക്കാക്കുമെന്നും പ്രഖ്യാപനമുണ്ട്.

Tags: