അധികാരത്തിലെത്തിയാല്‍ നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി
ജനങ്ങള്‍ ബിജെപിയില്‍ അസംതൃപ്തര്‍, നമ്മുടെ വോട്ടുകള്‍ മോഷ്ടിച്ചു, കോണ്‍ഗ്രസ് ഭരണഘടനയെ സംരക്ഷിക്കും; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയില്‍ ഇരുന്നു കേള്‍ക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. വോട്ടുക്കൊള്ളക്കെതിരേ ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു. അഞ്ചു കോടിയിലധികം പേര്‍ ഒപ്പിട്ട വോട്ടു കൊള്ളയ്ക്കെതിരായ നിവേദനം ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് ഡല്‍ഹി രാംലീല മൈതാനത്തെത്തിയത്.
സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള സംരക്ഷണം ഒഴിവാക്കി ഗ്യാനേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ബിജെപിയില്‍ അസംതൃപ്തരാണ്. ജനങ്ങള്‍ക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വോട്ട് കൊള്ള പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യം രാഷ്ട്ര ഗീതം ചര്‍ച്ച ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊതു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. കോണ്‍ഗ്രസ് ഭരണഘടനയെ സംരക്ഷിക്കും. നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഇന്ന് നടക്കുന്നത് രാജ്യത്തെ ഓരോ പൗരന് നേരെയുള്ള ആക്രമണമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. നിയമനിര്‍മ്മാണ സഭകളും നീതിന്യായ കോടതിയും എല്ലാം നിലകൊള്ളേണ്ടത് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ മാധ്യമങ്ങളെല്ലാം അദാനിയുടെയും അംബാനിയുടെയും കീഴിലാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും വോട്ട് കൊള്ള രാഹുല്‍ഗാന്ധി പുറത്ത് കൊണ്ടുവന്നു. രാഹുല്‍ഗാന്ധി ബിഹാറില്‍ എസ്‌ഐആറിനെതിരേ യാത്ര നടത്തി. കേന്ദ്രസര്‍ക്കാരിന് വോട്ട് കൊള്ള ചര്‍ച്ച ചെയ്യാന്‍ ധൈര്യമില്ലെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ബാലറ്റ് വോട്ടിങില്‍ മല്‍സരിച്ചാല്‍ ഒരിക്കല്‍ പോലും ബിജെപി വിജയിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്മാരോടും ജനം കണക്ക് ചോദിക്കുന്ന ദിവസം ഉണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷന്മാരുടെ പേരുകള്‍ ഒരിക്കല്‍ മറക്കരുത്. ഇവര്‍ ഒരു നാള്‍ രാജ്യത്തോട് മറുപടി പറയണം. നമ്മുടെ വോട്ടുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

