രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയതിന് അധിക്ഷേപം; അതിജീവിത സുപ്രിംകോടതിയില്‍ തടസ്സഹരജി നല്‍കി
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അതിജീവിത സുപ്രിംകോടതിയില്‍ തടസ്സഹരജി ഫയല്‍ ചെയ്തു. സുപ്രിംകോടതി അഭിഭാഷക ദീപ ജോസഫ് സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിതയുടെ അപേക്ഷ.
സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്. അവരുടെ റിട്ട് ഹരജിയില്‍ ഇടക്കാല ആശ്വാസം അനുവദിക്കുന്നതിന് മുന്‍പ് തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹരജി സമര്‍പ്പിച്ചത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് അതിജീവിതയ്ക്കുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായി തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
ദീപ ജോസഫിന്റെ റിട്ട് ഹരജിയിലെ വിശദാംശങ്ങള്‍ ഇതുവരെ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ചില ഭരണഘടനാപരമായ വിഷയങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പെടെ ചോദ്യം ചെയ്താണ് റിട്ട് ഹരജി സമര്‍പ്പിച്ചതെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്.