അതിജീവിതയെ അപമാനിച്ചെന്ന കേസ്; കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Update: 2025-12-06 15:53 GMT

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജയിലില്‍ നിരാഹാരം കിടക്കുന്നതിന് വിമര്‍ശനം നേരിട്ടതോടെയാണ് ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതരെ അറിയിച്ചത്. കോടതി ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം.

രാഹുല്‍ ഈശ്വറിനെതിരേ കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു. നിരാഹാരം പോലിസിനെ സമ്മര്‍ദത്തിലാക്കാനാണ്. അനുവദിച്ചാല്‍ മറ്റ് തടവുകാരും ഇത് ആവര്‍ത്തിക്കുമെന്നും കോടതി പറഞ്ഞു. രാഹുലിന്റെ നിരാഹാരം അംഗീകരിക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തെ സമ്മര്‍ദത്തിലാക്കുന്ന ശ്രമമാണെന്നും കോടതി വിമര്‍ശിച്ചു. ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള രാഹുലിന്റെ തീരുമാനം. അതിജീവിതകള്‍ക്കെതിരെ ഇട്ട അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലാണ് രാഹുല്‍ ഈശ്വര്‍ ജയിലില്‍ കഴിയുന്നത്. അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നല്‍കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാല് ജാമ്യം തള്ളിയത്.