മഞ്ചേരി:ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍ത്താവിനെ വധശിക്ഷക്ക് വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയെ കൊലപ്പെടുത്തിയ നജുബുദ്ദീനെയാണ് മഞ്ചേരി സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചത്. ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.
2003ലാണ് റഹീനയെ നജുബുദ്ദീന്‍ വിവാഹം ചെയ്തത്. പിന്നീട് 2011ല്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് രണ്ടാം ഭാര്യക്കൊപ്പം താമസിച്ചത്. ഇതേ തുടര്‍ന്ന് റഹീനയുമായ് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടു. ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. കോടതിയില്‍ വിവാഹമോചന കേസും ഫയല്‍ ചെയ്തിരുന്നു.
ഇറച്ചിക്കട നടത്തിവന്ന പ്രതി 2017 ജൂലൈ 23ന് അഞ്ചപ്പുര റോഡിലെ അറവ് ശാലയില്‍ എത്താന്‍ റഹീനയോട് പറഞ്ഞു. അറവുശാലയിലെ ജോലിക്കാരെ വിളിച്ച് കിട്ടുന്നില്ലെന്നും സഹായിക്കാന്‍ വരണമെന്നുമായിരുന്നു ആവശ്യം. ഇവിടെ വച്ച് കത്തി ഉപയോഗിച്ച് റഹീനയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു. കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ പണമെടുക്കാനായി നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അവിടെ വച്ചാണ് പോലിസ് പിടികൂടിയത്. പ്രതി ഒരു ലക്ഷം രൂപ പിഴയും അടക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
