രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവം; രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനുമാണ് പിടിയിലായത്

Update: 2025-11-26 03:39 GMT

തൃശൂര്‍: തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ടു വെട്ടിയത് ആദിത്യനായിരുന്നു. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞദിവസം പിടിയിലായിരുന്നു. കൂടാതെ ഇവര്‍ക്ക് കാറുകള്‍ തരപ്പെടുത്തിയ മൂന്നു പേരും പിടിയിലായിരുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായിയാണ് ക്വട്ടേഷന്‍ നല്‍കിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. പിന്നാലെയാണ് ഇവരെ പിടികൂടുന്നത്. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറാണിതെന്നാണ് പോലിസ് തിരിച്ചറിഞ്ഞത്. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പോലിസ് കണ്ടെത്തി. ചുറ്റിക വാങ്ങിയത് തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണെന്നും പോലിസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്റെ വീടിനു മുന്നില്‍ വച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു. വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്റെ മൊഴി.

സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാട് പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൊല്ലം മുമ്പ് ക്വട്ടേഷന്‍ ശ്രമമുണ്ടായി. ആ കേസ് നിലവിലുണ്ട്. ഒരു വര്‍ഷം മുമ്പ് തിയേറ്ററില്‍ വന്ന് സുനിലിനെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് സിജോ. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രണമെന്നാണ് പോലിസ് കരുതുന്നത്. പ്രതികള്‍ വലയിലായതിനു പിന്നാലെ വ്യവസായിലേക്ക് അന്വേഷണം എത്തിക്കാനാണ് പോലിസിന്റെ നീക്കം.