ക്യൂആര്‍ കോഡ് തട്ടിപ്പ്: പേയ്‌മെന്റ് കോഡുകള്‍ നിരന്തരം പരിശോധിക്കണമെന്ന് ബിസിനസ് ഉടമകള്‍ക്ക് മുന്നറിയിപ്പ്

Update: 2025-12-15 06:45 GMT

മനാമ: ബഹ്‌റൈനിലെ ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ പേയ്‌മെന്റ് ക്യൂആര്‍ കോഡുകള്‍ കൃത്യമായി പരിശോധിച്ച് ടാമ്പരിങ്ങ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള ക്യൂആര്‍ കോഡുകള്‍ മാറ്റിയോ അതിന് മുകളിലായി വ്യാജ കോഡുകള്‍ പതിപ്പിച്ചോ തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹിദ് പോലിസ് സ്‌റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹര്‍ അറിയിച്ചു. ക്യൂആര്‍ കോഡുകളില്‍ ഉണ്ടാകുന്ന ഏതുവിധത്തിലുള്ള മാറ്റങ്ങള്‍ക്കും ബന്ധപ്പെട്ട ബിസിനസ് ഉടമകള്‍ തന്നെ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂആര്‍ കോഡുകള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാവുന്ന സുരക്ഷിത സ്ഥാനങ്ങളില്‍ സ്ഥാപിക്കണമെന്നും ഇടയ്ക്കിടെ പരിശോധിച്ച് തട്ടിപ്പ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും പോലിസ് നിര്‍ദേശിച്ചു.

രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലു ഈ സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിങ് മീറ്ററുകള്‍, റസ്‌റ്റോറന്റ് മെനുകള്‍, ഓഫര്‍ പാക്കേജുകളുടെ അറിയിപ്പുകള്‍, ഈമെയിലുകള്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ വ്യാജ ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ ക്യൂആര്‍ കോഡ് ഉപയോഗിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ബിസിനസ് സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയും കോഡ് അവരുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യണമെന്ന് പോലിസ് നിര്‍ദേശിച്ചു.

ഇതിനിടെ ബെനിഫിറ്റ് പേ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബാങ്കുകള്‍, ബെനിഫിറ്റ് പേ, മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരായി നടിച്ച് തട്ടിപ്പുകാര്‍ രഹസ്യ വിവരങ്ങള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും പോലിസ് വ്യക്തമാക്കി. തട്ടിപ്പിന് ഇരയായാല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലേക്ക് 992 എന്ന ഹോട്ട്‌ലൈനില്‍ വിളിച്ച് പരാതി നല്‍കാം. കൂടാതെ 17108108 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ് വഴിയും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ റിപോര്‍ട്ടിങ്ങ് ഫോമിലൂടെയും പരാതി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.

Tags: