ദോഹ: ഇസ്രായേല്‍ അധിനിവേശവും അതിക്രമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ഖത്തര്‍ യുഎന്‍ വേദിയില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. യുഎന്നിലെ ഖത്തറിന്റെ സ്ഥിരമിഷനിലെ സെക്കന്‍ഡ് സെക്രട്ടറി ശൈഖ് ജാസിം ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയാണ് അഭിപ്രായം അറിയിച്ചത്. ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേല്‍ നടപടികള്‍ സംബന്ധിച്ച പ്രത്യേക സമിതിയുടെ റിപോര്‍ട്ടിനെക്കുറിച്ചുള്ള 80ാം പൊതു സഭാ ചര്‍ച്ചയിലാണ് അദ്ദേഹം സംസാരിച്ചത്. 2024 ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ ഉപദേശവും ഡിസംബറില്‍ യുഎന്‍ അംഗീകരിച്ച നിര്‍ദേശവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും കിഴക്കന്‍ ജറൂസലമിലെയും നിയമവിരുദ്ധ സാന്നിധ്യം അവസാനിപ്പിക്കണമെന്ന കോടതിയുടെ ഉത്തരവ് തല്‍സമയം നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗസ എന്നിവ ഒരു ഏകീകൃത പ്രാദേശിക ഘടകമാണെന്നും അതിന്റെ ഐക്യവും ഭൗതിക സമഗ്രതയും സംരക്ഷിക്കപ്പെടണമെന്നുമാണ് ഖത്തറിന്റെ നിലപാട്. അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേല്‍ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജനറല്‍ അസംബ്ലിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, സ്വത്തു പിടിച്ചെടുപ്പ്, തുടങ്ങിയവ അന്താരാഷ്ട്ര മാനുഷികനിയമത്തിന്റെ സൂചനീയമായ ലംഘനങ്ങളാണെന്നും ഇവ ഫലസ്തീന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.
അല്‍ അഖ്‌സയിലേക്കുള്ള കുടിയേറ്റക്കാരുടെ അതിക്രമപ്രവര്‍ത്തനങ്ങളും ഹാജ്ജെ ഹാമിദ് മസ്ജിദിലുണ്ടായ ആക്രമണവും ഖത്തര്‍ ശക്തമായി അപലപിച്ചു. ഫലസ്തീനില്‍ സമാധാനം കൈവരിക്കാനും മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനുമായി ഈജിപ്തും യുഎസും ചേര്‍ന്ന് നടത്തുന്ന മധ്യസ്ഥശ്രമങ്ങളില്‍ ഖത്തര്‍ തുടര്‍ച്ചയായി പങ്കാളിയാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
