ഖത്തര്‍-ഇറ്റലി സുരക്ഷാ സഹകരണം ശക്തിപ്പെടുത്താന്‍ ചര്‍ച്ചകള്‍; ആഭ്യന്തര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Update: 2026-02-14 10:51 GMT

റോം: സുരക്ഷാ മേഖലയിലെ ഉഭയകക്ഷി സഹകരണ സാധ്യതകള്‍ വിലയിരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഇറ്റലി ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റഡോസിയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷാ സഹകരണവും ശക്തിപ്പെടുത്താനുള്ള നടപടികളും ചര്‍ച്ചയായി.

അന്താരാഷ്ട്ര കായികമേളകളില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതും പോലിസ് പരിശീലനവും വൈദഗ്ധ്യവിനിമയവും സംബന്ധിച്ച കാര്യങ്ങളും ഇരുപക്ഷവും വിശദമായി പരിഗണിച്ചു. മിലാന്‍കോര്‍ട്ടിന വിന്റര്‍ ഒളിമ്പിക്‌സ് 2026 പശ്ചാത്തലത്തില്‍ വന്‍കിട പരിപാടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കായികമേളകള്‍ക്കായുള്ള സുരക്ഷാ പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് തുടരണമെന്നതിലും ധാരണയായി. ഇത് ഖത്തറും ഇറ്റലിയും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് യോഗം വിലയിരുത്തി.

അതേസമയം, കഴിഞ്ഞ ആഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് മിലാന്‍കോര്‍ട്ടിന വിന്റര്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

Tags: