ഇന്ത്യക്ക് അധിക എല്‍എന്‍ജി; ഗുജറാത്ത് പെട്രോളിയം കമ്പനിയുമായി 17 വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച് ഖത്തര്‍ എനര്‍ജി

Update: 2025-10-31 07:57 GMT

ദോഹ: ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഖത്തര്‍ എനര്‍ജി മുന്നോട്ട്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനുമായി (ജിഎസ്പിസി) 17 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല എല്‍എന്‍ജി വിതരണ കരാര്‍ ഖത്തര്‍ എനര്‍ജി ഒപ്പുവെച്ചു. കരാര്‍ പ്രകാരം പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ എല്‍എന്‍ജി ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2026 മുതല്‍ വിതരണ പ്രക്രിയ ആരംഭിക്കും.

''ഇന്ത്യയുമായി ഉള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. ഈ കരാര്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കാനും ശുദ്ധമായ ഊര്‍ജ മിശ്രിതത്തിലേക്ക് മാറാനും സഹായിക്കും'' ഖത്തര്‍ എനര്‍ജി സിഇഒയും ഊര്‍ജകാര്യ സഹമന്ത്രിയുമായ സഅദ് ഷെരിദ അല്‍കാബി പറഞ്ഞു.

2019ലാണ് ജിഎസ്പിസിയും ഖത്തര്‍ എനര്‍ജിയും ആദ്യ ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചത്. അതിന്റെ തുടര്‍ച്ചയായാണ് പുതിയ കരാര്‍ നിലവില്‍ വന്നത്. ഇരുസ്ഥാപനങ്ങളും തമ്മിലുള്ള വിശ്വാസബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതോടൊപ്പം ആഗോള ഊര്‍ജ രംഗത്ത് ഖത്തര്‍ എനര്‍ജി തന്റെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ഈ കരാര്‍ വിലയിരുത്തപ്പെടുന്നു.

Tags: