യുഎസ് സൈനികതാവളത്തിന് നേരെയുള്ള ആക്രമണം അപലപനീയം: ഖത്തര്‍

Update: 2025-06-23 18:06 GMT

ദോഹ: അല്‍ ഉദൈദിലെ യുഎസ് സൈനികതാവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ഖത്തറിന്റെ പരമാധികാരവും അന്താരാഷ്ട്ര നിയമവും ലംഘിക്കപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ അതിക്രമത്തോട് തുല്യമായി പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ട്. ഇന്നത്തെ മിസൈല്‍ ആക്രമണത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കും.

ഇസ്രായേലിന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നേരത്തെ തന്നെ ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ ഉദൈദ് സൈനികതാവളം നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ ആരും മരിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തില്ലെന്നും പ്രസ്താവന പറയുന്നു.അതേസമയം, മിസൈല്‍ ആക്രമണം ഖത്തറിന് എതിരല്ലെന്ന് ഇറാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിനെ സഹോദര രാജ്യമായാണ് ഇറാന്‍ കാണുന്നതെന്നും പ്രസ്താവന പറയുന്നു.