തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് പൂര്‍ണ പിന്തുണയുമായി യുഡിഎഫ് അസോസിയേറ്റ് അംഗം പി വി അന്‍വര്‍. പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയില്‍ വിദേശനാണയ ചട്ടം ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയ വിജിലന്‍സ് നീക്കത്തിനെതിരെയാണ് പി വി അന്‍വര്‍ രംഗത്തെത്തിയത്. പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെ നീങ്ങുന്നു എന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ നാലര വര്‍ഷം പ്രതിപക്ഷ നേതാവ് അതേ കസേരയില്‍ ഇരുന്നിട്ടും തോന്നാത്ത ഒരു ''അന്വേഷണ താല്‍പര്യം'' ഇപ്പോള്‍ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാമെന്നും മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരുമെന്നും അന്‍വര്‍ പറഞ്ഞു. ഇടതുമുന്നണി വിട്ട ശേഷം തനിക്കെതിരെ ബോധപൂര്‍വം സംസ്ഥാനത്ത് ഉടനീളം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പോസ്റ്റില്‍ അന്‍വര്‍ കുറിച്ചു.
പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ വരുന്ന ഏത് ആക്രമണങ്ങളെയും നേരിടാനും ചെറുത്തുതോല്‍പ്പിക്കാനും,ഞാനും എന്റെ പ്രസ്ഥാനവും സദാസമയവും സജ്ജമായിരിക്കും എന്നതാണ് ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ വാര്‍ത്തകളും കേസുകളും ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഇനിയും ഉണ്ടാകും എന്ന് തിരിച്ചറിയാന്‍ വിവേകമുള്ള സമൂഹമാണ് കേരളമെന്നും ഫേസ്ബുക്കില്‍ പി വി അന്‍വര്‍ കുറിച്ചു.