വ്‌ളാദിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി സിറിയന്‍ പ്രസിഡന്റ്

Update: 2025-10-15 16:32 GMT

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറായുടെ റഷ്യന്‍ സന്ദര്‍ശനം തുടങ്ങി. ഇന്ന് ക്രെംലിനില്‍ അഹമദ് അല്‍ ഷറ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. സിറിയയുടെ ഊര്‍ജ മേഖല റഷ്യയുടെ സഹായത്തോടെയാണ് നിലനില്‍ക്കുന്നതെന്ന് അല്‍ ഷറ പറഞ്ഞു. 2024 ഡിസംബറില്‍ അധികാരത്തില്‍ നിന്നും പുറത്തായ, ഇപ്പോള്‍ റഷ്യയില്‍ താമസിക്കുന്ന സിറിയന്‍ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ കൈമാറണമെന്ന് അല്‍ ഷറാ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റഷ്യ തീരുമാനമൊന്നും പറഞ്ഞില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയയില്‍ നിലവില്‍ രണ്ടു റഷ്യന്‍ സൈനിക കേന്ദ്രങ്ങളാണുള്ളത്. ഇവ തുടരുന്ന കാര്യവും ചര്‍ച്ചയില്‍ തീരുമാനമായി.