മരംമുറിക്കലിന് കടുത്ത നിയന്ത്രണം; പഞ്ചാബില്‍ സമ്പൂര്‍ണ സ്‌റ്റേ പ്രഖ്യാപിച്ച് ഹൈക്കോടതി
ചണ്ഡീഗഡ്: പഞ്ചാബില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ മരംമുറിക്കുന്നതിനെതിരേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കര്‍ശന നടപടി സ്വീകരിച്ചു. പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഷീല്‍ നാഗുവും ജസ്റ്റിസ് സഞ്ജീവ് ബെറിയും അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൊഹാലിയിലെ വിവിധ ക്രോസ് ജംഗ്ഷനുകളില്‍ റൗണ്ട് എബൗട്ടുകള്‍ നിര്‍മിക്കുന്നതിനായി 251 മരങ്ങള്‍ മുറിക്കാനുള്ള തീരുമാനത്തിനെതിരേയാണ് ഹരജി നല്‍കപ്പെട്ടത്. ഹരജി പരിഗണിച്ച കോടതി, മൊഹാലിയില്‍ മരംമുറിക്കാനുള്ള നടപടി സ്‌റ്റേ ചെയ്തതോടൊപ്പം, ഇനി കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനത്ത് ഒരുമരവും മുറിക്കരുതെന്ന് നിര്‍ദേശിച്ചു.
വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബോധവാന്മാരല്ലെന്ന് തോന്നുന്നുവെന്നും, പരിസ്ഥിതി സംരക്ഷണത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. പഞ്ചാബിലെ ഉദ്യോഗസ്ഥരുടെ സമീപനത്തെക്കുറിച്ച് കടുത്ത വിമര്‍ശനവും ബെഞ്ച് ഉന്നയിച്ചു. പഞ്ചാബിലെ വനമേഖല സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 3.67 ശതമാനം മാത്രമാണെന്നും, രാജസ്ഥാനില്‍ ഇത് 4.8 ശതമാനമാണെന്നുമുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടിയ ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി ജനുവരി 19നു വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
