പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇസ്രായേലിനുള്ള പിന്തുണ ഏറ്റവും താഴ്ന്ന നിലയില്‍

Update: 2025-06-04 14:32 GMT

ലണ്ടന്‍: പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇസ്രായേലിനുള്ള പൊതുജന പിന്തുണ ഏറ്റവും താഴ്ന്ന നിലയിലെന്ന് യൂ ഗവ് സര്‍വേ ഫലം. ആറുരാജ്യങ്ങളിലെ അഞ്ചിലൊന്ന് പേര്‍ക്ക് പോലും ഇസ്രായേലിനെ കുറിച്ച് നല്ല അഭിപ്രായമില്ല. ഗസയിലേക്ക് ഇസ്രായേല്‍ സൈന്യത്തെ അയച്ചത് ശരിയാണെന്ന് ഇറ്റലിയിലെ ആറ് ശതമാനം പേരും ഫ്രാന്‍സിലെ 16 ശതമാനം പേരും മാത്രമാണ് അഭിപ്രായപ്പെട്ടത്. യുകെ-12, ജര്‍മനി-14, ഡെന്‍മാര്‍ക്ക്-13, സ്‌പെയ്ന്‍-12 എന്നിങ്ങനെയാണ് ഇസ്രായേലിന്റെ നടപടിയെ അംഗീകരിക്കുന്നവരുടെ എണ്ണം. അതേസമയം, 2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയെ അംഗീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയും രേഖപ്പെടുത്തി.

ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നാണ് ജര്‍മനിയിലെ 58 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം, ഇസ്രായേലുമായുള്ള സൈനികസഹകരണം പൂര്‍ണമായും നിര്‍ത്താന്‍ സ്‌പെയ്ന്‍ തീരുമാനിച്ചു. ഇസ്രായേലിന് മിസൈല്‍ നല്‍കാനുളള കരാര്‍ അവര്‍ റദ്ദാക്കി. 2,663 കോടി രൂപയുടെ 168 സ്‌പൈക്ക് മിസൈല്‍ സംവിധാനത്തിന്റെ കരാറാണ് റദ്ദാക്കിയത്. ഇസ്രായേലിലെ റഫേല്‍ എന്നുള്ള കമ്പനിക്കുള്ള ലൈസന്‍സും റദ്ദാക്കി. കൂടാതെ, ഇസ്രായേലുമായുള്ള സാങ്കേതിക-സുരക്ഷാ സഹകരണം അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.