പൊതുവിദ്യാഭ്യാസ വകുപ്പില്‍ വ്യാപക ക്രമക്കേട്; സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍, തസ്തിക സൃഷ്ടിക്കല്‍, സംവരണ നിയമങ്ങള്‍ പ്രകാരമുള്ള നിയമന ക്രമങ്ങള്‍, സര്‍വീസ് ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളും അഴിമതികളും നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന ശക്തിപ്പെടുത്തിയത്.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ചുമതലയുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും ഓഫീസുകള്‍, കൂടാതെ ഹൈസ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ എന്നിവയിലായിരുന്നു പരിശോധന.
ഉദ്യോഗാര്‍ഥികള്‍ക്ക് ഫയലുകളില്‍ നടപടി കൈക്കൊള്ളുന്നതിന് ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. നിയമന ക്രമവത്ക്കരണം, പിഴവുകള്‍ പരിഹരിക്കല്‍, സംവരണ തസ്തികകളിലെ നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗസ്ഥരെ സമീപിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട്, വിരമിച്ച ചില വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ സര്‍വീസ് കണ്‍സള്‍ട്ടന്റുകളായി ഉപയോഗിക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയും വലിയ തുക കൈപ്പറ്റുകയും ചെയ്തതായി വിവരമുണ്ട്.
സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന നടപടികളിലും അനാവശ്യ താമസം സൃഷ്ടിച്ച് കൈക്കൂലി വാങ്ങുന്ന പ്രവണത വ്യാപകമാണെന്ന് വിജിലന്‍സിന് ലഭിച്ച സൂചനകളില്‍ പറയുന്നു. ഇതിനൊടുവില്‍ സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഏഴു റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും ഏഴ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും ഇന്ന് രാവിലെ മിന്നല്‍ പരിശോധന ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു.
