സ്വകാര്യ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന്; പത്തനംതിട്ടയില്‍ കൂട്ട ആത്മഹത്യാശ്രമം, വീട്ടമ്മ മരിച്ചു
പത്തനംതിട്ട: കൊടുമണ്ണില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ മരിച്ചു. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി വിഷ ഗുളിക കഴിച്ചനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് നീലാംബരനെയും മകന്‍ ദിപിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇസാഫ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുവും വാര്‍ഡ് മെമ്പറും ആരോപിക്കുന്നു. ഇസാഫില്‍നിന്ന് പണം വായ്പ എടുത്തിരുന്നു. ഒരു അടവ് മുടങ്ങിയപ്പോള്‍ ബൈക്കില്‍ ആളുകളെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടംബമെന്ന് ബന്ധു പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ദിപിന്‍ പേടിയാണെന്ന് പറഞ്ഞതോടെ പിന്‍മാറി. രാവിലെ എണീറ്റു തൊട്ടടുത്ത മുറിയില്‍ നോക്കിയപ്പോള്‍ ലീലയെ മരിച്ച നിലയില്‍ കാണുകയും തുടര്‍ന്ന് ദിപിനും പിതാവും ഗുളികകള്‍ കഴിക്കുകയായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.