റോഡ് വീതി മാറ്റലിന്റെ ഭാഗമായി ആയിരകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കം, പ്രതിഷേധം
ഭോപ്പാല്‍: ഭോപ്പാലില്‍ റോഡ് വീതി മാറ്റലിന്റെ ഭാഗമായി ആയിരകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കത്തിനെതിര് വ്യാപക പ്രതിഷേധം. ഭോപ്പാലിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ റൂട്ടുകളില്‍ ഒന്നായ അയോധ്യ ബൈപാസ് 4 വരിയില്‍ നിന്ന് 6 വരിയിലേക്ക് വികസിപ്പിക്കുകയാണ്. ഇതോടൊപ്പം, ഇരുവശത്തും രണ്ട് വരി സര്‍വീസ് റോഡുകളും നിര്‍മ്മിക്കും. അതിനുശേഷം റോഡ് 10 വരിയായി മാറും. ഈ പദ്ധതി പ്രകാരം ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഈ വാര്‍ത്ത പുറത്തുവന്നയുടനെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രകൃതി സ്‌നേഹികള്‍, സാമൂഹിക സംഘടനകള്‍ എന്നിവര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ് മുഴുവന്‍ പദ്ധതിയുടെ പ്രൊജക്ട് മാനേജര്‍. വരും വര്‍ഷങ്ങളില്‍ ഗതാഗത സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും റോഡ് വീതി കൂട്ടുന്നത് ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സഹായിക്കുമെന്നുമാണ് പ്രൊജക്ട് മാനേജര്‍ ദിവാന്‍ഷ് നവാലിന്റെ വാദം.
ഓരോ മരത്തിനും പകരം 10 പുതിയ മരങ്ങള്‍ നടുമെന്നാണ് പദ്ധതി പ്രകാരം പറയുന്നത്. ഇത് പ്രകാരം ഏകദേശം 80,000 മരങ്ങള്‍ നടുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇതൊക്കെ കടലാസില്‍ ഒതുങ്ങുമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇതാണോ എന്നുമുള്ള ചോദ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.