സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ പ്രതിഷേധം; നാലുമരണം

പ്രതിഷേധക്കാര്‍ ബിജെപി ഓഫീസിന് തീയിട്ടു, സിആര്‍പിഎഫ് വാഹനങ്ങള്‍ കത്തിച്ചു

Update: 2025-09-24 12:21 GMT

ലഡാക്ക്: സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

14 ദിവസമായി സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തുന്ന 15 പേരില്‍ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബിജെപി ഓഫീസിന് തീയിടുകയും സിആര്‍പിഎഫ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

കഴിഞ്ഞ നാലുവര്‍ഷമായി പ്രക്ഷോഭം നടത്തുന്ന കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ലേ അപെക്‌സ് ബോഡിയും ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ആഗസ്റ്റ് 5ന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി. അതേസമയം, ലേയും കാര്‍ഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശമാണ് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തു വന്നിരിക്കുന്നത്.

ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്സ് ബോഡി(എല്‍എബി), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്(കെഡിഎ) എന്നിവയുടെ നേതൃത്വത്തില്‍ ദീര്‍ഘനാളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കുശേഷം, 2023 ജനുവരി 2ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ രൂപീകരിച്ചു. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

സമിതിയും എല്‍എബി, കെഡിഎ എന്നിവയുടെ സംയുക്ത നേതൃത്വവും തമ്മിലുള്ള ചര്‍ച്ച മെയ് 27ന് നടന്നിരുന്നു. പിന്നീട് ചര്‍ച്ചകള്‍ നടന്നിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ 20ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് നേതൃത്വവുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത ഘട്ട ചര്‍ച്ച ഒക്ടോബര്‍ 6ന് ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിരുന്നു.

Tags: