ബെല്‍ഗാം: ദലിത് മുഖ്യമന്ത്രിയെ ആവശ്യപ്പെട്ട് തുംകൂരില്‍ പ്രതിഷേധിക്കുന്ന ദലിത് സംഘടനകള്‍ പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി ജി പരമേശ്വര ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചും ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇതിനകം തന്നെ ധാരാളം പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു ജി പരമേശ്വര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ജി പരമേശ്വരയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാക്കണമെന്ന് ദളിത് സംഘടനാ നേതാവ് ചലവാടി ശേഖര്‍ ആവശ്യപ്പെട്ടു. തുംകൂരില്‍ ദലിത് അനുകൂല സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ദലിത് നേതാക്കളായ രാമയ്യ, ബന്ദേ കുമാര്‍, ഭാനുപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
'ജി. പരമേശ്വരയെ മുഖ്യമന്ത്രിയായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ തുംകൂരില്‍ പ്രതിഷേധിക്കുന്നത്. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കുന്നു. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട് ഞങ്ങള്‍ ഘെരാവോ ചെയ്യും,' ചലവാടി ശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനും മല്‍സരിക്കുന്നുവെന്ന് ജി പരമേശ്വര ഞായറാഴ്ച സൂചന നല്‍കിയിരുന്നു.
