തിരുവനന്തപുരം: സംസ്ഥാനത്തെ 93 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് റിപോര്‍ട്ട്. 18 വയസില്‍ താഴെയുള്ള 20 കുട്ടികള്‍ എങ്കിലും ഉള്ള സ്‌കൂളുകള്‍ക്ക് മാത്രമേ അംഗീകാരവും സര്‍ക്കാര്‍ സഹായവും ലഭ്യമാകൂ എന്ന ഉത്തരവാണ് അടച്ചു പൂട്ടല്‍ ഭീഷണിക്കു കാരണം.
ഇക്കാര്യം സൂചിപ്പിച്ച് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. നാളെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ആകെ 300ലധികം സ്‌പെഷ്യല്‍ സ്‌കൂളുകളാണുള്ളത്. എന്നാല്‍ അധിക സ്‌കൂളുകളിലും മതിയായ വിദ്യാര്‍ഥികള്‍ ഇല്ല എന്ന പ്രശ്‌നമാണ് അടച്ചുപൂട്ടലിലേക്ക് നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം 43 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പൂട്ടിയിരുന്നു.