പി കെ സുല്‍ഫിക്കറിനെ ആക്രമിച്ച സംഭവം; സിറ്റി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു

Update: 2025-02-14 12:21 GMT

പുതിയങ്ങാടി: കോഴിക്കോട് സിറ്റി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും എസ്ഡിടിയു പുതിയങ്ങാടി യൂനിറ്റ് കണ്‍വീനറുമായ പി കെ സുല്‍ഫിക്കറിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി. പുതിയങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ എം ഹമീദ്, എസ്ഡിടിയൂ ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ മണക്കടവ്, എസ്ഡിടിയു ജില്ലാ സെക്രട്ടറി സിദ്ദീഖ് കരുവമ്പൊയില്‍, സിസി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ ഗഫൂര്‍ വെള്ളയില്‍, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.


സിറ്റി പരിധിയില്‍ പെട്ട സ്ഥലത്ത് പെര്‍മിറ്റ് ഇല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തൊഴിലാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ എലത്തൂര്‍ പോലീസ് ഇടപെടുകയും തര്‍ക്കം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. അതിനുശേഷം രാത്രി ഏകദേശം പത്തുമണിക്ക് ആണ് കോര്‍പറേഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം സുല്‍ഫിക്കറിനെ ആക്രമിച്ചത്.

വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയില്‍ എത്തിയ സുല്‍ഫിക്കറിനെ 72ാം വാര്‍ഡ് കൗണ്‍സിലര്‍ മുരളിയുടെയും സിപിഎം പ്രാദേശിക നേതാക്കളായ കബീര്‍, ജറീഷ്, എന്നിവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സുല്‍ഫിക്കറിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.