ബെംഗളൂരു: സ്വത്ത് വില്‍പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് പൊള്ളലേറ്റു. ഗോവിന്ദപൂരിലെ ഗ്രാമത്തിലാണ് സംഭവം.
കുടുംബസ്വത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ മുനിരാജും രാമകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മുനിരാജ് നടത്തിയിരുന്ന ചിട്ടി ബിസിനസില്‍ സാമ്പത്തിക നഷ്ടം നേരിട്ടതോടെ കടബാധ്യതയിലായിരുന്നുവെന്നും, കടം തീര്‍ക്കുന്നതിനായി കുടുംബസ്വത്ത് വില്‍ക്കണമെന്ന ആവശ്യം രാമകൃഷ്ണന്‍ നിരസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പോലിസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ജ്യേഷ്ഠനോടുള്ള ദേഷ്യത്തില്‍ രാമകൃഷ്ണന്റെ വീടിന് തീയിടാന്‍ മുനിരാജ് എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം അകത്ത് പെട്രോള്‍ ഒഴിക്കുന്നതിനിടയില്‍ മുനിരാജിന്റെ കൈകളിലേക്കും പെട്രോള്‍ തെറിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് ഇയാള്‍ വീടിന് തീ കൊളുത്തിയത്. തീ പെട്ടെന്ന് മുനിരാജിന്റെ ശരീരത്തിലേക്ക് ആളിപ്പടരുകയായിരുന്നു. ശരീരത്തിലേക്ക് തീ പിടിച്ചതോടെ മുനിരാജ് നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി തീയണച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുനിരാജ് നിലവില്‍ ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും, രാമകൃഷ്ണന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.