യുഎസിലെ ഇസ്രായേലി അനുകൂല ഇന്‍ഫ്‌ളുവന്‍സര്‍ വെടിയേറ്റ് മരിച്ചു
യൂട്ടാ വാലി യൂനിവേഴ്‌സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് വെടിയേറ്റത്
വാഷിങ്ടണ്‍: യുഎസിലെ ഇസ്രായേലി അനുകൂല ഇന്‍ഫ്‌ളുവന്‍സറും ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു. യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു വെടിയേറ്റത്. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് 31 കാരനായ ചാര്‍ലി.
യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ ചാര്‍ലി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റതിനു പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോരയൊലിക്കുന്നതാണ് ചടങ്ങിലുണ്ടായിരുന്നവര്‍ പിന്നീട് കണ്ടത്. വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയിലെ യുവാക്കളെ ചാര്‍ലിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കിര്‍ക്കിനോടുള്ള ആദരസൂചകമായി യുഎസിലുടനീളമുള്ള പതാകകള്‍ ഞായറാഴ്ച വരെ പകുതി താഴ്ത്തിക്കെട്ടാന്‍ ഉത്തരവിട്ടതായി ട്രംപ് പറഞ്ഞു.