ഹിന്ദുത്വ അനുകൂല വാര്‍ത്താ വെബ്സൈറ്റായ ഓപ്ഇന്ത്യ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നു: ആര്‍എസ്എഫ്

Update: 2025-12-20 06:52 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ അനുകൂല വാര്‍ത്താ വെബ്സൈറ്റായ ഓപ്ഇന്ത്യ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിദ്വേഷ പ്രചാരണം സംഘടിപ്പിക്കുന്നുവെന്ന് പ്രസ് ഫ്രീഡം ഗ്രൂപ്പായ റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്). പല ലേഖനങ്ങളും ശത്രുതാപരമായതും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ 'ദേശവിരുദ്ധര്‍', 'ഇന്ത്യാ വിരുദ്ധര്‍', 'നുണയന്മാര്‍' അല്ലെങ്കില്‍ 'വ്യാജ വാര്‍ത്താ വില്‍പ്പനക്കാര്‍' എന്നിങ്ങനെ ചിത്രീകരിക്കുന്നുണ്ടെന്നും അതില്‍ പറയുന്നു.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതില്‍ ഓപ്ഇന്ത്യ ഒരു വലിയ സ്ഥാനം തന്നെ വഹിക്കുന്നുണ്ടെന്നും അത് അവരെ അപകടത്തിലേക്ക് നയിക്കുന്നതാണെന്നും ആര്‍എസ്എഫ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ആനി ബൊകാന്‍ഡെ പറഞ്ഞു. രാജ്യത്ത് പത്രസ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഓണ്‍ലൈന്‍ പീഡനം മാറിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എഫിന്റെ കണക്കുകള്‍ പ്രകാരം, രാജ്ദീപ് സര്‍ദേശായി, അര്‍ഫ ഖാനും ഷെര്‍വാനി, മുഹമ്മദ് സുബൈര്‍, രവീഷ് കുമാര്‍, റാണ അയ്യൂബ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഹേറ്റ് ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. ദി വയര്‍, ന്യൂസ് ക്ലിക്ക്, ന്യൂസ് ലോണ്‍ഡ്രി തുടങ്ങിയ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായും ആര്‍എസ്എഫ് വ്യക്തമാക്കി.

ഇത്തരം വിദ്വേഷ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ ആര്‍എസ്എഫ് അധികാരികളോട് ആവശ്യപ്പെടുകയും ഹേറ്റ് ക്യാംപയിനെതിരേ നടപടിയെടുക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.

Tags: