ഗസയില്‍ വംശഹത്യയെന്ന പ്രിയങ്കയുടെ നിലപാട് വഞ്ചനയെന്ന് ഇസ്രായേല്‍ സ്ഥാനപതി
ന്യൂഡല്‍ഹി: ഗസയിലെ വംശഹത്യയെ അപലപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. ഫലസ്തീനില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
''അഞ്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ നിഷ്ഠൂരമായ കൊലപാതകം ഫലസ്തീന്‍ മണ്ണില്‍ നടന്ന മറ്റൊരു ഹീനമായ കുറ്റകൃത്യമാണ്. സത്യത്തിനുവേണ്ടി നിലകൊള്ളാന്‍ ധൈര്യപ്പെടുന്നവരുടെ അളവറ്റ ധൈര്യത്തെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ അക്രമത്തിനും വിദ്വേഷത്തിനും ഒരിക്കലും തകര്‍ക്കാനാവില്ല. മാധ്യമങ്ങളില്‍ ഭൂരിഭാഗവും അധികാരത്തിനും വാണിജ്യത്തിനും അടിമപ്പെട്ട ഒരു ലോകത്ത്, ഈ ധീരരായ ആത്മാക്കള്‍ യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം എന്താണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു. അവര്‍ക്ക് നിത്യശാന്തി നേരുന്നു.''- എന്നാണ് പ്രിയങ്ക ഗാന്ധി 'എക്‌സ്' പോസ്റ്റില്‍ കുറിച്ചത്.
എന്നാല്‍, പ്രിയങ്ക ഗാന്ധിയുടേത് നാണംകെട്ട വഞ്ചനയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റൂവെന്‍ അസാര്‍ ആരോപിച്ചു. ''നിങ്ങളുടെ വഞ്ചന നാണംകെട്ടതാണ്. ഇസ്രയേല്‍ 25,000 ഹമാസ് ഭീകരരെ വധിച്ചു. സാധാരണക്കാര്‍ക്ക് പിന്നില്‍ ഒളിക്കുക, ഒഴിഞ്ഞുപോകാനോ സഹായം സ്വീകരിക്കാനോ ശ്രമിക്കുന്ന ആളുകളെ വെടിവെക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളാണ് ഈ ഭയാനകമായ ആള്‍നാശത്തിന് കാരണം. ഇസ്രയേല്‍ 20 ലക്ഷം ടണ്‍ ഭക്ഷണം ഗാസയിലേക്ക് എത്തിക്കാന്‍ സൗകര്യമൊരുക്കിയപ്പോള്‍, ഹമാസ് അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും അതുവഴി പട്ടിണി സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസയിലെ ജനസംഖ്യ 450% വര്‍ദ്ധിച്ചു, അവിടെ വംശഹത്യയില്ല. ഹമാസിന്റെ കണക്കുകള്‍ വിശ്വസിക്കരുത്.''- റൂവെന്‍ അസാര്‍ 'എക്‌സി'ല്‍ കുറിച്ചു.
