പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം: ഡിസംബര്‍ 16,17 തിയ്യതികളില്‍ ബാങ്ക് പണിമുടക്ക്

രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

Update: 2021-12-02 04:33 GMT

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഡിസംബര്‍ 16 മുതല്‍ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തു. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ദ്വിദിന പണിമുടക്കിന് പുറമെ മറ്റ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ദാസ് പറഞ്ഞു.

രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2021ലെ ബജറ്റ് പ്രസംഗത്തില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ഈ നീക്കം സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും സ്വാശ്രയ സംഘങ്ങളിലേക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെയും ബാധിക്കുമെന്നും ദാസ് പറഞ്ഞു.





Tags:    

Similar News