പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്ക് രാജകീയ ആതിഥ്യം നല്‍കി; കേസെടുത്ത് പോലിസ്
ബെംഗളൂരു: വൈറലായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്ക് രാജകീയ ആതിഥ്യം നല്‍കുന്നതിന്റെ വീഡിയോകള്‍. സംഭവത്തില്‍ പോലിസ് മൂന്ന് എന്‍സിആര്‍ കേസുകളും എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. വൈറലായ വീഡിയോകളില്‍, ജയിലിലെ ഏഴാം നമ്പര്‍ മുറിയിലെ ബാരക്ക് നമ്പര്‍ 8-ല്‍ നാല് വിചാരണ തടവുകാരായ കാര്‍ത്തിക്, ധനഞ്ജയ, മഞ്ജുനാഥ് വി, ചരണ്‍ റാവു ബി എന്നിവര്‍ നൃത്തം ചെയ്യുന്നത് കണ്ടതായി പരാതിയില്‍ പറയുന്നു.
ജയില്‍ വളപ്പിനുള്ളില്‍ തടവുകാര്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വീഡിയോകളില്‍ കാണാം. ഈ വീഡിയോ ആരാണ് റെക്കോര്‍ഡ് ചെയ്തതെന്നും ആരാണ് ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതെന്നും കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍, കര്‍ണാടക ജയില്‍ നിയമത്തിലെ സെക്ഷന്‍ 42 പ്രകാരം തിങ്കളാഴ്ച പരപ്പന അഗ്രഹാര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ എങ്ങനെയാണ് റെക്കോര്‍ഡ് ചെയ്തതെന്നും പ്രക്ഷേപണം ചെയ്തതെന്നും കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു.