തടവുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ സംഭവം; ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ മേധാവി

Update: 2025-12-26 14:10 GMT

തിരുവനന്തപുരം: മുന്‍ ജയില്‍ ഡിഐജി പി അജയകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ. ആരോപണങ്ങള്‍ യാഥാര്‍ഥ്യമില്ലാത്തതും അടിസ്ഥാനരഹിതവുമാണ്. ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വിഐപി സൗകര്യവും അനധികൃത സന്ദര്‍ശനവും ഒരുക്കാന്‍ പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് അജയകുമാര്‍. ഇതിന്റെ വൈരാഗ്യം കാരണം തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. സര്‍വീസിലുടനീളം നിരുത്തരവാദപരമായ സമീപനം പുലര്‍ത്തിയയാളാണ് അജയകുമാറെന്നും ജയില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണെന്നും ബല്‍റാംകുമാര്‍ ഉപാധ്യായ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അതേസമയം, തടവുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐജി എം കെ വിനോദ് കുമാറുമായി ജയില്‍ മേധാവിക്ക് അടുത്ത ബന്ധമെന്ന് മുന്‍ ജയില്‍ ഡിഐജി പി അജയകുമാര്‍ പറഞ്ഞിരുന്നു. എം കെ വിനോദ് കുമാറിന്റെ അഴിമതിയുടെ പങ്ക് ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും ലഭിച്ചെന്നും മുന്‍ ജയില്‍ ഡിഐജി ആരോപിച്ചിരുന്നു. വഴിവിട്ട ഇടപാടുകള്‍ക്ക് കൂട്ടുനിന്നെന്നും വിനോദ് കുമാറിനെതിരേ പരാതി പറഞ്ഞപ്പോള്‍ ബല്‍റാംകുമാര്‍ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാര്‍ പറഞ്ഞു. തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് മുന്‍ ഡിഐജി ഒരു സ്വകാര്യ ചാനലിനോട് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.

ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവങ്ങള്‍ക്ക് പിന്നിലും എം കെ വിനോദ്കുമാര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ കൂട്ടുകെട്ടാണെന്നും ജയില്‍ സൂപ്രണ്ട്, പോലിസ് എന്നിവരുടെ റിപോര്‍ട്ടുകള്‍ ഇതിനായി അട്ടിമറിച്ചെന്നും അജയകുമാര്‍ ആരോപിച്ചു. വിയ്യൂര്‍ ജയിലില്‍ കലാപമുണ്ടാക്കിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തിട്ടും കൊടിസുനിക്ക് പരോള്‍ ലഭിച്ചിരുന്നു.