താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും
ധാക്ക: ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പി വിജയിച്ചതിനു പിന്നാലെ നേതാവ് താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. ചടങ്ങിലേക്ക് ലോകത്തെ വിവിധ രാഷ്ട്രത്തലവന്‍മാരെ ക്ഷണിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥികളില്‍ ഒരാളായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സത്യപ്രതിജ്ഞയുടെ തിയ്യതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് താരിഖ് റഹ്‌മാന്റെ നേതൃത്വത്തോടുള്ള വിശ്വാസത്തെ കാണിക്കുന്നുവെന്നും ജനാധിപത്യ ബംഗ്ലാദേശിനുള്ള പിന്തുണ ഇന്ത്യ തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. താരിഖുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി ഇന്നലെ എക്സില്‍ കുറിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സമീപനത്തിന് നന്ദി പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തി. ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ നിര്‍ണായക വിജയം ഉറപ്പാക്കുന്നതില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തെ അംഗീകാരിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്ന് എക്സിലൂടെ പാര്‍ട്ടി വ്യക്തമാക്കി.
പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷമാണ് ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുന്നത്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റും കടന്നാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം. ജമാഅത്തെ ഇസ് ലാമി സഖ്യം 70 ഓളം സീറ്റുകളില്‍ ഒതുങ്ങി. ബംഗ്ലാദേശ് മുന്‍പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും ഖാലിദാ സിയുടെയും മകനാണ് താരിഖ് റഹ്‌മാന്‍. 60 വയസുള്ള താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ യുകെ ജീവിതത്തിന് ശേഷമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ മല്‍സരിച്ചിരുന്നില്ല.
