ജെഎസ്പി നേതാവിന്റെ സന്ദര്‍ശനത്തിനുപിന്നാലെ പശുമൂത്രവും ചാണകവും ഉപയോഗിച്ച് ക്ഷേത്രം വൃത്തിയാക്കി പൂജാരിമാര്‍

Update: 2025-10-30 11:18 GMT

മധുബനി: ജെഎസ്പി നേതാവ് പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ചതിനുപിന്നാലെ പശുമൂത്രവും ചാണകവും ഉപയോഗിച്ച് ക്ഷേത്രം വൃത്തിയാക്കി പൂജാരിമാര്‍. ബിഹാറിലെ മധുബനി ജില്ലയിലെ കപിലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.

പ്രശാന്ത് കിഷോര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് പൂജാരിമാരില്‍ ഒരാളായ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. കിഷോറിനൊപ്പം ഒരു മുസ് ലിം സ്ഥാനാര്‍ഥിയും ഉണ്ടായിരുന്നതായി പിന്നീട് മനസിലായെന്നും കുമാര്‍ വ്യക്തമാക്കി. പരാമ്പരാഗത വേഷമായതിനാല്‍ ഇയാളെ മനസിലായില്ലെന്നും അന്യമതക്കാരന്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്നും ഇയാള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമുന്നോടിയായാണ് പ്രശാന്ത് കിഷോറും ആലമും ക്ഷേത്രം സന്ദര്‍ശിച്ചത്. എന്നാല്‍ അവര്‍ മടങ്ങിയപ്പോള്‍ ക്ഷേത്രം ശുദ്ധീകരിക്കാനെന്നു പറഞ്ഞ് നടത്തിയ ചടങ്ങുകള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ ക്ഷേത്ര അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അതേസമയം ജന്‍ സുരാജ് പാര്‍ട്ടി ഇതുവരെ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Tags: