സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര സർക്കാർ ഹെൽപ് ലൈൻ

Update: 2024-03-28 07:02 GMT

ന്യൂഡല്‍ഹി: 2019ലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്കുള്ള 'യോഗ്യതാ സര്‍ട്ടിഫിക്കറ്റ്' പ്രാദേശിക മതപുരോഹിതന് നല്‍കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സിഎഎ ഹെല്‍പ്പ് ലൈനില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് 'ദി ഹിന്ദു'  റിപോര്‍ട്ട് ചെയ്യ്തു. 

ഇന്ത്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാന്‍ അപേക്ഷകന്‍ സിഎഎ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട സത്യവാങ്മൂലത്തിനും മറ്റ് രേഖകള്‍ക്കുമൊപ്പം ചേര്‍ക്കേണ്ട നിര്‍ബന്ധിത രേഖയാണിതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പ്രാദേശികമായി പ്രസിദ്ധമായ ഒരു കമ്മ്യൂണിറ്റി സ്ഥാപനമാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. മാര്‍ച്ച് 26ന് 'ദി ഹിന്ദു' ഇതിന്റെ ഫോര്‍മാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചപ്പോഴാണ് വിവരം ലഭിച്ചത്. ശൂന്യമായ കടലാസിലോ 10 രൂപയുടെ സ്റ്റാമ്പ് മൂല്യമുള്ള ഒരു മുദ്രപ്പത്രത്തിലോ യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കാം. ആര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുക എന്ന് ചോദിച്ചപ്പോള്‍, ഏത് പ്രാദേശിക പുരോഹിതനോടും അത് നല്‍കാന്‍ ആവശ്യപ്പെടാം എന്നായിരുന്നു മറുപടി.

സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വ്യക്തി പേരും വിലാസവും വ്യക്തമാക്കണമെന്നും അപേക്ഷകന്‍ സിഎഎ നിയമത്തില്‍ പറയുന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറ് മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഒരാളാണെന്ന് അറിയാമെന്നും പുരോഹിതന്‍ സ്ഥിരീകരിക്കണമെന്നും ഫോമില്‍ പറയുന്നു. തന്റെ അറിവിലും വിശ്വാസത്തിലും അപേക്ഷകര്‍ ഹിന്ദു/സിഖ്/ബുദ്ധ/ജൈന/പാഴ്‌സി/ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നും മുകളില്‍ സൂചിപ്പിച്ച സമുദായത്തില്‍ അംഗമായി തുടരുന്നുവെന്നും സാക്ഷ്യപ്പെടുത്തണം.



Tags:    

Similar News