ന്യൂഡല്‍ഹി: പ്രീമിയം ഇന്ധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി ഇന്ത്യന്‍ ഓയില്‍. എക്‌സ്പി 100 പെട്രോളിന്റെയും എക്‌സ്ട്രാ ഗ്രീന്‍ ഡീസലിന്റെയും വില ഡല്‍ഹിയില്‍ വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു.
എക്‌സ്പി 100 പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയില്‍ നിന്ന് 160 രൂപയായി ഉയര്‍ന്നു. ആഡംബര കാറുകളും സൂപ്പര്‍ബൈക്കുകളും ലക്ഷ്യമിട്ട് അവതരിപ്പിച്ച 100 ഒക്ടേന്‍ പ്രീമിയം ഇന്ധനമാണിത്. എക്‌സ്ട്രാ ഗ്രീന്‍ ഡീസലിന്റെ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും വര്‍ധിച്ചു.
വിലവര്‍ധനയ്ക്ക് പിന്നിലെ കാരണം ഔദ്യോഗികമായി വ്യക്തമായിട്ടില്ലെങ്കിലും, ആഗോള ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വില മാര്‍ച്ച് ഒന്നിലെ 1,768.50 രൂപയില്‍ നിന്ന് 2,078.50 രൂപയായി. പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെ 300 രൂപയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജെറ്റ് ഇന്ധനമായ എടിഎഫിന്റെ വിലയും ഗണ്യമായി ഉയര്‍ന്നു. കിലോ ലിറ്ററിന് 96,638.14 രൂപയില്‍ നിന്ന് 2,07,341.22 രൂപയായി വില ഇരട്ടിയിലധികമായി ഉയര്‍ന്നു.