മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും
ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി
ഇംഫാല്‍: മണിപ്പുരിലെ ഒരു വര്‍ഷം നീണ്ടുനിന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകുന്നേരം ആറുമണിക്ക് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഭവനില്‍ നടക്കും. ബിജെപി മണിപ്പൂരെന്ന എക്‌സ് പോസ്റ്റിലൂടെയാണ് മണിപ്പൂര്‍ ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഇതോടെ മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷം മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലായിരുന്നു. രാഷ്ട്രപതി ഭരണത്തിനുശേഷം മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ന് ഖേംചന്ദ് സിങ് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കണ്ടിരുന്നു. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെനാകും പുതിയ ഉപമുഖ്യമന്ത്രി. മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേന്‍ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022ല്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്നാണ് യുംനാം തിരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തില്‍ നിന്ന് യുംനാം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവച്ചത്. മണിപ്പൂരില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേന്‍ സിങിന്റെ രാജി. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

