നാവികസേന അഭ്യാസപ്രകടനങ്ങൾ ഇന്ന് ശംഖുമുഖത്ത്; രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥി

Update: 2025-12-03 05:54 GMT

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ വിപുലമായ അഭ്യാസപ്രകടനങ്ങള്‍ ഇന്ന് ശംഖുമുഖത്തെ ബീച്ചില്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയാകും. 19 പ്രധാന യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 40ലധികം പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കുന്ന വമ്പന്‍ ശക്തിപ്രകടനമാണ് ഇന്ന് നടക്കുന്നത്. കൊച്ചിയില്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തും എത്തിയിട്ടുണ്ട്.

യുദ്ധവിമാനങ്ങളില്‍ നിന്നുള്ള വെടിവയ്പ്, മറുപ്രഹര പ്രകടനം, അന്തര്‍വാഹിനികളുടെ സബ്‌മേഴ്‌സിബിള്‍ അഭ്യാസങ്ങള്‍, മിഗ് 29 കെ 'ബ്ലാക്ക് പാന്തേഴ്‌സ്' സ്‌ക്വാഡ്രന്റെ വ്യോമപ്രകടനം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കടലില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്ന നാവികസേനയുടെ പ്രത്യേക ഓപ്പറേഷന്‍ രീതികളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. ഏകദേശം 9,000 പേര്‍ക്കാണ് പാസ് മുഖേന പ്രവേശനാനുമതിയുള്ളത്. തീരമേഖലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് പ്രകടനം സൗജന്യമായി കാണാം.

ഇന്ന് വൈകിട്ട് 4.10ന് രാഷ്ട്രപതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 4.30നു ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം 5.13നു ശംഖുമുഖത്തെ പ്രത്യേക വേദിയിലെത്തും. തുടര്‍ന്ന് നാവികസേനയുടെ അഭ്യാസങ്ങള്‍ ആരംഭിക്കും. 6.57ന് രാഷ്ട്രപതി വേദിയില്‍ നിന്ന് ലോക്ഭവനിലേക്ക് തിരിക്കും. പരിപാടിയുടെ ഭാഗമായി ചില വിമാനം സര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത്, ഡിസംബര്‍ 4ന് ഇന്ത്യന്‍ നാവികസേന നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്റ് സ്മരണാര്‍ഥമാണ് ഈ ദിവസം നാവികസേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ ഒഡിഷയിലെ പുരി ബീച്ചിലായിരുന്നു.

Tags: