മഡഗാസ്‌കറില്‍ ജെന്‍സി പ്രക്ഷോഭം; പ്രസിഡന്റ് ആന്‍ഡ്രി രജോലിന രാജ്യം വിട്ടു
അന്റനാനരിവോ: മഡഗാസ്‌കറില്‍ അഴിമതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം കലാപമായി പടര്‍ന്നതോടെ പ്രസിഡന്റ് ആന്‍ഡ്രി രജോലിന രാജ്യം വിട്ടു. മൂന്ന് ആഴ്ചയായി തലസ്ഥാനമായ അന്റനാനരിവോയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ശനിയാഴ്ച നിര്‍ണായക ഘട്ടത്തിലെത്തുകയായിരുന്നു.
കാപ്‌സാറ്റ് എന്നറിയപ്പെടുന്ന ഉന്നത സൈനിക യൂണിറ്റ് പ്രകടനക്കാരുടെ പക്ഷം ചേര്‍ന്ന് പ്രസിഡന്റ് രജോലിനയുടെയും മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ടു. ഇതോടെ മഡഗാസ്‌കര്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. വാരാന്ത്യത്തില്‍ അന്റനാനരിവോ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആയിരങ്ങള്‍ പ്രതിഷേധത്തിനായി ഒത്തുകൂടിയപ്പോള്‍ കാപ്‌സാറ്റ് യൂണിറ്റും അവരോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
പ്രസിഡന്റ് രജോലിന, ഒരു ഫ്രഞ്ച് സൈനിക വിമാനത്തില്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. തന്റെ സുരക്ഷയ്ക്കായി സുരക്ഷിത സ്ഥാനത്തേക്ക് പോകേണ്ടി വന്നതാണെന്ന് അദ്ദേഹം തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 25നാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം. ആദ്യം ജലവും വൈദ്യുതിയും സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് അത് രാജോലിനയുടെ ഭരണത്തിനെതിരായ പ്രക്ഷോഭമായി മാറി. 2009ല്‍ കാപ്‌സാറ്റ് സൈനിക യൂണിറ്റിന്റെ പിന്തുണയോടെ രജോലിന അധികാരത്തിലെത്തിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ യൂണിറ്റാണ് അദ്ദേഹത്തിനെതിരേ രംഗത്ത് വന്നത്. രജോലിനയുടെ അഭാവത്തില്‍ പ്രതിരോധ മന്ത്രി പുതിയ സൈനിക നേതാവിനെ നിയമിച്ചതായാണ് വിവരം.
മഡഗാസ്‌കര്‍, ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുള്ള 32.4 ദശലക്ഷം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ്. രാജ്യത്ത് ജനങ്ങളില്‍ മുക്കാല്‍ ഭാഗവും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ലോകബാങ്ക് കണക്കനുസരിച്ച് 1960ലെ സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി 45% കുറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇതുവരെ 22 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
