പ്രിപ്പറേറ്ററി പരീക്ഷയില്‍ ക്രമക്കേട്; മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Update: 2026-01-18 05:23 GMT

ബെംഗളൂരു: രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി (പിയു) വിദ്യാര്‍ഥികളുടെ പ്രിപ്പറേറ്ററി പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട കോളജുകളുടെ അഫിലിയേഷന്‍ പിന്‍വലിക്കുമെന്ന് പ്രീയൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ക്ക് വകുപ്പ് തയ്യാറെടുക്കുന്നത്. എന്നാല്‍, രണ്ടാം വര്‍ഷ പിയു വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഒന്നാം ഘട്ട പ്രിപ്പറേറ്ററി പരീക്ഷകളില്‍ ഇതുവരെ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനുവരി 19 മുതല്‍ ഫെബ്രുവരി 2 വരെ നടക്കുന്ന രണ്ടാം ഘട്ട പ്രിപ്പറേറ്ററി പരീക്ഷയ്ക്ക് മുന്നോടിയായി മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കര്‍ണാടക സ്‌കൂള്‍ എജുക്കേഷന്‍ ആന്‍ഡ് അസസ്‌മെന്റ് ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ എട്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരിന്നു. ഇതിന്റെ ഭാഗമായി, പരീക്ഷ നടക്കുന്ന സമയത്ത് ക്യാംപസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും നിരോധിച്ച് സര്‍ക്കാര്‍ സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: